
ഒരുകാലത്ത് യുവാക്കളുടെ ഹരമായിരുന്നു ബോളിവുഡ് താരം ഇമ്രാൻ ഹഷ്മി. 2003-ൽ ഇറങ്ങിയ ഫുട്പാത്ത് എന്ന ചിത്രത്തിലൂടെയാണ് ഇമ്രാൻ ഹഷ്മി അഭിനയലോകത്തേക്ക് എത്തുന്നത്. എന്നാൽ, അടുത്തവർഷം ഇറങ്ങിയ മർഡർ എന്ന ചിത്രമാണ് താരത്തിന് ജനപ്രീതി നേടിക്കൊടുത്തത്. ആഷിക് ബനായാ എന്ന ഒറ്റ ഗാനത്തിലൂടെ യുവാക്കളുടെ ഹീറോയാകാൻ ഇമ്രാൻ ഹഷ്മിക്ക് കഴിഞ്ഞു. മർഡർ എന്ന ചിത്രത്തിൽ ഇമ്രാൻ ഹഷ്മിയും മല്ലികാ ഷെരാവത്തും തമ്മിലുള്ള ചുംബനരംഗം അന്ന് വലിയ ചർച്ചകൾക്കാണ് വഴിതെളിച്ചത്. പിന്നീട് മിക്ക ചിത്രങ്ങളിലും താരത്തിന്റെ ചുംബനരംഗങ്ങൾ ഉണ്ടായിരുന്നു. ബോളിവുഡിന്റെ ചുംബനവീരൻ എന്ന വിളിപ്പേരും ഇതോടെ താരത്തിന് ലഭിച്ചു. ഇപ്പോഴിതാ ചുംബനവീരൻ എന്ന പ്രതിച്ഛായ തന്റെ കരിയറിൽ എങ്ങനെയാണ് പ്രയോജനപ്പെടുത്തിയത് എന്ന് തുറന്നു പറയുകയാണ് താരം.
ചുംബനവീരൻ എന്ന പ്രതിച്ഛായ താൻ പരമാവധി ഉപയോഗിച്ചിരുന്നു എന്നാണ് ഇമ്രാൻ ഹഷ്മി പറയുന്നത്. ഹിന്ദുസ്ഥാൻ ടൈംസുമായുള്ള അഭിമുഖത്തിലാണ് ഇക്കാര്യം താരം തുറന്നു പറഞ്ഞത്. ചുംബനരംഗമുള്ള ചിത്രങ്ങളെല്ലാം വലിയ വാണിജ്യവിജയങ്ങളായിരുന്നുവെന്നും താരം ചൂണ്ടിക്കാട്ടുന്നു. ആ പ്രതിച്ഛായ പരമാവധി ഉപയോഗിച്ചു. മാർക്കറ്റിങ്ങിലൂടെ അതിനോട് പൊരുത്തപ്പെട്ടു. മാധ്യമങ്ങളും അതിൽ വളരെയധികം ശ്രദ്ധിച്ചിരുന്നുവെന്നും താരം കൂട്ടിച്ചേർത്തു. അതേസമയം, ഒരേതരം വേഷങ്ങൾ തന്നെ പല സിനിമകളിലും ചെയ്യേണ്ടി വന്നു എന്ന കാര്യവും താരം ചൂണ്ടിക്കാട്ടി.
'ഒരു നടനെന്ന നിലയിൽ വലിയ പ്രത്യേകതയുള്ള കാര്യമല്ല ഇത്. പടിഞ്ഞാറൻ രാജ്യങ്ങളിലെ അഭിനേതാക്കൾ ഉൾപ്പെടെ ഒട്ടേറെ പേർക്ക് ഇത് സംഭവിച്ചിട്ടുണ്ട്. ജിം കാരി അതിന് ക്ലാസിക് ഉദാഹരണമാണ്. നിങ്ങളെ ഒരു സ്ലോട്ടിൽ കാണാൻ ആളുകളും ഇഷ്ടപ്പെടുന്നു എന്നാണ് ഞാൻ കരുതുന്നത്.' -അദ്ദേഹം പറഞ്ഞു.
'ഒരു പതിറ്റാണ്ടോളം അങ്ങനെ തുടർന്നശേഷം പ്രേക്ഷകർ മാറുന്നതായി ഞാൻ തിരിച്ചറിഞ്ഞു. പത്തോ പതിനാലോ വർഷം കൂടുമ്പോൾ അവർ മാറുമെന്നാണ് പറയപ്പെടുന്നത്. അടുത്ത തലമുറ തിയേറ്ററുകളിലെത്തി. പുതിയ പ്രേക്ഷകരെത്തുമ്പോൾ നിങ്ങൾ സ്വയം പുനർനിർവചിക്കണം. ഓരോ കഥാപാത്രവും, ഓരോ അച്ചും അതിന്റെ പരിപൂർണതയിലെത്തുന്നു. അത് പരമാവധി ഉപയോഗിക്കുക എന്നത് മാത്രമാണ് നിങ്ങൾക്ക് ചെയ്യാനുള്ളത്. ഞാൻ അത് ചെയ്തുവെന്ന് തിരിച്ചറിഞ്ഞു. അതിനാൽ മാറ്റം എന്നെ സംബന്ധിച്ച് പ്രധാനമായിരുന്നു.' -ഇമ്രാൻ ഹഷ്മി തുടർന്നു.











